നേര് ഫിലിംസ്

കല ഒരു ജനതയുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. ഓരോരോകാലത്തിലും ഏതേതു കലയും രൂപപ്പെട്ടതും നിലനിന്നതും സമൂഹത്തിന്‍റെ ആവശ്യകതയും അഭിരുചിയും കൊണ്ടാണെന്ന് ചരിത്രാനുഭവങ്ങളിലൂടെ കാണാന്‍ കഴിയും. അതില്‍ മണ്ണിനേയും മനസിനേയും തൊട്ടറിയുന്ന ചില കലാരൂപങ്ങള്‍ക്ക് നിലനില്‍ക്കുന്ന സമൂഹ്യക്രമത്തെ തന്നെ മട്ടിമാരിക്കാനുള്ള കരുത്തും ശേഷിയും ഉണ്ടെന്നതിനു ലോകം ദൃക്സക്ഷിയാണ്. ഇത്തരം കരുത്തുള്ള കലാസൃഷ്ടികള്‍ ഉണ്ടാകുന്നത് ചുരുക്കം ചിലരുടെ സര്‍ഗ്ഗശേഷികൊണ്ടോ ദൈവാനുഗ്രഹം കൊണ്ടോ അല്ല. മറിച്ച്‌, അതുമായി ഇടപെടുന്ന മുഴുവന്‍ ജനതയുടേയും സര്‍ഗ്ഗശക്തിയിലാണ്. ഇത്തരത്തില്‍ ഭാവനാസമ്പന്നരായ  മനുഷ്യരാണ് സമൂഹത്തെ ജീവിതയോഗ്യമാക്കിയത്. എന്നാല്‍ ഈ ഒരു സംഘബോധം കല-സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളില്‍ നിന്നും വേരറ്റു പോയിക്കൊണ്ടിരിക്കുന്നു.
ഇന്നത്തെ പണാധിപത്യ സമൂഹത്തില്‍ കമ്പോളം മേല്‍ക്കൈ നേടുകയും ജനജീവിതത്തെ നിശ്ചയിക്കുവാനും നിയന്ത്രിക്കുവാനും പ്രാപ്തമായ നിലയിലേക്ക് വളരുകയും ചെയ്തു. ആഗോളവല്‍കരണത്തിന്‍റെ പിന്‍ബലം അതിന് കരുത്തും പ്രോത്സാഹനവും നല്‍കി. ഇതോടെ ജനത ഇടപെടുന്ന സകല മേഖലകളെയും കമ്പോളം ആക്രമിച്ചു തുടങ്ങി. ഈ ആക്രമണങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ നമ്മുടെ കല-സാംസ്ക്കാരിക മേഖലകള്‍ക്കും കഴിഞ്ഞില്ല. സമൂഹം കൂടുതല്‍ അരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടു. ജനങ്ങളുമായി നന്നായി സംവദിച്ചിരുന്ന കലകള്‍ ജനങ്ങളെ വെറും ആസ്വാദകരാക്കി അകറ്റി നിര്‍ത്തി. സിനിമ പോലുള്ള കലാ മാധ്യമങ്ങള്‍ കമ്പോളത്തിനോട് അനുസരണയോടെ കൈകൂപ്പി വിധേയത്വം സ്വീകരിച്ചു. സിനിമയുടെ വിശാലമായ സാധ്യതകളെ അട്ടിമറിക്കപ്പെട്ടു. അതിലൂടെ മനുഷ്യ ജീവിതത്തിന്‍റെ നിറമോ മണമോ വികാരങ്ങളോ ഇല്ലാത്ത വെറും കെട്ടുകാഴ്ച്ചയായി സിനിമ മാറി. കോടികളുടെ കണക്കുകള്‍ കാണിച്ചും കണ്ണുരുട്ടിപേടിപ്പിച്ചും സാധാരണക്കാരെ സിനിമയില്‍ നിന്നും അകറ്റി വെറും കാഴ്ചക്കാരാക്കി പുറത്തിരുത്തി.
ഈ അവസ്ഥ മാറി, ജനങ്ങള്‍ക്ക്‌ ഇടപെടാനും ജനങ്ങള്‍ക്ക്‌ വേണ്ടി ഇടപെടാനും കഴിയുന്ന നിലയിലേക്ക് സിനിമ മാറേണ്ടിയിരിക്കുന്നു ജീവിത സങ്കീര്‍ണതകളില്‍ ജനതയുടെ കൂടെ നില്‍ക്കുകയും അവന്‍റെ/അവളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും നിരന്തരം ഓര്‍മപ്പെടുത്തുകയും ചെയ്യുന്ന ഒരു സിനിമ സംസ്ക്കാരം നാം രൂപപ്പെടുത്തെണ്ടതുണ്ട്.
ആഗോളവല്‍ക്കരണത്തിന് മണ്ണോരുക്കം നടത്തുന്ന വ്യവസായ സിനിമകള്‍ക്ക്‌ ബദലായി അതിനെ പ്രതിരോധിക്കുന്ന ജനകീയ സിനിമകള്‍ കാലത്തിന്റെ ആവശ്യമാണ്.അതിനായുള്ള ഒരു കൂട്ടായ ശ്രമത്തിനാണ് നേര് ഫിലിംസ് നേതൃത്വം കൊടുക്കുന്നത്.
നേര് ഫിലിംസിലേക്ക് എത്തിച്ചേര്‍ന്ന വഴി സജീവമായ സാംസ്‌കാരിക രാഷ്ട്രീയ ഇടപെടലിന്‍റെതായിരുന്നു. തെരിവു നാടകങ്ങളിലൂടെ കേരളത്തിലെ തെരിവുകളെയും ക്യാമ്പസുകളെയും ചര്‍ച്ചാവേദികളാക്കി ദേശിയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നിരവധി സ്റ്റേജ് തെരുവ് നാടകങ്ങള്‍ നേര് (പ്രവ്ദ) നാടകവേദി അവതരിപ്പിച്ചു. ആദിവാസികളുടെ അവകാശസമരങ്ങള്‍ക്ക് ശക്തി പകരാന്‍ നേരിന്‍റെ ഉറാട്ടി അടക്കമുള്ള നാടകങ്ങള്‍ക്ക് സാധിച്ചു. ചുരുക്കത്തില്‍ ഉറച്ച നിലപാടിന്‍റെയും ജനതയുടെ കരുത്തും ആവേശവും ആവശ്യമായിരുന്നു നേരിന്‍റെ സാംസ്ക്കാരിക പ്രവര്‍ത്തനം.
ജനങ്ങളുമായി സംവദിക്കാനുള്ള സിനിമയുടെ വലിയ സാധ്യതയെയാണ് നേര് ഫിലിംസ് നോക്കിക്കാണുന്നത്. കലാകാരന്‍മാര്‍, തൊഴിലാളികള്‍ അടക്കമുള്ള, ആശയപരമായി യോജിക്കാവുന്ന മുഴുവന്‍ ആളുകളുടെയും പിന്തുണയും സഹായവും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. സംബ്രടയിക ചട്ടക്കൂടുകള്‍ക്ക് വിധേയമാകാത്ത ഒരു ഘടനയാണ് ഇതിനുള്ളത്. നല്ല സിനിമകളെ സ്നേഹിക്കുകയും സിനിമക്ക് ജനകീയ മുഖം വേണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഏതൊരാള്‍ക്കും നേരിന്‍റെ ഭാഗമാകാം. താങ്കളെയും ക്ഷണിക്കുന്നു. വിലയേറിയ നിര്‍ദേശങ്ങളും സഹായ സഹകരണങ്ങളും അഭ്യര്‍ത്ഥിക്കുന്നു .

എന്ന്

ഡയറക്ടര്‍
നേര് ഫിലിംസ്

Leave a Reply

Your email address will not be published.

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>

Powered by Gb-rugs.com - Rugs & Carpets